Ajith
ബോധംകെട്ടുറങ്ങുന്ന
യശോധരയുടെ കൈയ്യെടുത്തുമാറ്റി
ചുരുണ്ടുകൂടിക്കിടക്കുന്ന രാഹുലിന്റെ
മൂട്ടില്‍ കൈവെച്ചുനോക്കി;
നനഞ്ഞിരിക്കുന്നു.

ട്രൗസര്‍ അഴിച്ചുമാറ്റി,
നനയാത്ത ഒരു പുതപ്പ്‌ അടിയില്‍ വിരിച്ച്‌
മുറിയ്ക്കു പുറത്തുകടന്ന്‌
വായിച്ചുമടുത്ത പുസ്തകംപോലെ
വാതിലടച്ചു.

കുടുസ്സുമുറിയില്‍
തളര്‍ന്നുറങ്ങുന്ന ഹോംനേഴ്സിനെ
ഒളികണ്ണുകൊണ്ട്‌ തൊട്ട്‌
ടി വി യുടെ മുന്നിലെത്തി ഓണ്‍ ചെയ്തു.

തോല്‍ക്കാറായിരിക്കുന്നു.
2 ഓവര്‍; 23 റണ്‍സ്‌.

തുണിക്കൂമ്പാരത്തില്‍
സമാധിയിലിരിക്കുന്ന
കാവി മേല്‍മുണ്ടില്‍ പൊതിഞ്ഞ
കുപ്പിയെടുത്തു നോക്കി.

തീരാറായിരിക്കുന്നു;
6 ബോള്‍, 12 റണ്‍സ്‌
ഒരു വിക്കറ്റുമാത്രം ബാക്കി.

ബാറ്റുകൊണ്ടു തുഴയുന്ന
ബൗളറാണ്‌ ക്രീസില്‍.
ആവുന്നകാലത്ത്‌ നോക്കണമായിരുന്നു!

അയാളൊന്നു വീശി
ഏശിയില്ല...
അടുത്തതും വീശി
അതേറ്റു.

ഒഴിഞ്ഞ കുപ്പിയില്‍നിന്നും
മണത്തിന്റെ അബോധവൃക്ഷം
മുറിയില്‍ പടര്‍ന്നുപന്തലിച്ചു.

ബുദ്ധഭിക്ഷുക്കള്‍, സൂക്തങ്ങളെഴുതിയ
ലോഹച്ചുറ്റുകള്‍ തിരിക്കുന്നതും
ഒരു യാക്ക്‌ ഏകാകിയായ്‌
മഞ്ഞില്‍ മേയുന്നതും മിന്നിമറഞ്ഞു.

വേഗതകുറഞ്ഞ ഒരു ചലനം കൊണ്ട്‌
ലെഗ്‌ ബിഫോര്‍ വിക്കറ്റായി
അയാള്‍ ഉറക്കത്തിന്റെ
പവലിയനിലേയ്ക്കു മടങ്ങി.