Sobha. K.B
വ്യത്യസ്തമായ രണ്ടുമുഖങ്ങളുള്ള
ഒരു നാണയമാണു ഞാനിപ്പോള്‍
ഒരിയ്ക്കലും മൂല്യമവസാനിക്കാത്തത്‌
ചരിത്രത്തിലേയ്ക്കു കൂടുതല്‍
മൂല്യവത്തായ്‌ തീരാവുന്നത്‌
ചിലപ്പോള്‍ വിസ്മൃതമായേക്കാവുന്നത്‌
ഒരേ മൂല്യമുള്ളത്‌
അളന്നു തിട്ടപ്പെടുത്തുന്നതെങ്ങനെ?
അതിനാല്‍ ഇരുപുറങ്ങളുടേയും മൂല്യങ്ങള്‍
ഞാന്‍ തിരിച്ചറിയുന്നില്ല
തിട്ടപ്പെടുത്തലുകള്‍ക്കപ്പുറത്തേയ്ക്ക്‌
കടന്നുപോയതുകൊണ്ടുമാവാം
അഹംബോധങ്ങളുടെ നൂല്‍പ്പാലത്തില്‍
തികച്ചും സാധാരണങ്ങളായ
തിരിച്ചറിവുകളിലേയ്ക്കു കടന്നുവരാതെ
എത്തിപ്പെടുന്ന കൈകളിലൊക്കെയും
ഒരേ മൂല്യമായ്‌
പല സാധ്യതകളായ്‌

സ്വന്തം മൂല്യം സ്വായത്തമാക്കാന്‍
കഴിവില്ലാതെ
ആഭാസന്റെ കൈയ്യിലും
ദയാമയന്റെ കൈയ്യിലും
ഒരേ രൂപത്തില്‍
സ്വന്തം പിറവിയുടെ മൂല്യമറിയാതെ
കൂടുതല്‍ പഴക്കങ്ങളിലേയ്ക്ക്‌
കൂടുതല്‍ കൈമാറ്റങ്ങളിലേയ്ക്ക്‌
കൂടുതല്‍ കൂടുതല്‍ ഇടങ്ങളിലേയ്ക്ക്‌.

കൂടുതല്‍ കവിതകള്‍