Binu M Pallippad
ഏയ്‌ മുസല്‍മാന്‍
നിന്റെ ചുണ്ടുകോര്‍ത്ത കുറുങ്കുഴലില്‍
ഞങ്ങളുടെ
ജീവിതകാലങ്ങളുടെ
കയ്പു നിറയുന്നു

നീ പടര്‍ത്തിയ
രാഗോഷ്ണം
അറ്റുപോയ വേദനച്ചീളുകളുടെ
മഹാമാരി

നിന്റെ വിരലിണചേര്‍ന്ന
മര്‍മ്മരങ്ങളില്‍
പാതിബുദ്ധക്കണ്ണിന്റെ
ചന്ദ്രിക

തീപിടിച്ച കാലാളിന്റെ
കുളമ്പടിയൊച്ച

വിശന്നു വെന്തവരുടെ
പക്ഷപ്പെടുത്തിയ
സിംഹഗര്‍ജ്ജനം

നോവൊടുങ്ങാത്ത
നാവുകളുടെ
പലായനം

ചാരുമതിലിന്നു പിന്നിലെ
പേടിക്കണ്ണ്‌

കരിഞ്ഞപൂവും
പെങ്ങളും തിളയ്ക്കുന്ന
ഉച്ചവെയില്‍

മംഗല്യസ്വപ്നങ്ങളുടെ
നെരിപ്പോട്‌

നിന്റെ സ്വരക്കൂടിന്റെ
ചിന്നം വിളിയില്‍
തകര്‍ന്ന മീനാരങ്ങളുടെ
തലയോട്‌

നിന്റെ അഗ്രചര്‍മ്മം ചികഞ്ഞ്‌
പക പരത്തുന്ന ദേശീയത
ചിതറിപ്പോയ ഞങ്ങളുടെ
മെസൊപ്പൊട്ടാമിയ

ബിനു എം പള്ളിപ്പാട്‌
കൂടുതല്‍ കവിതകള്‍


ബിസ്മില്ലാഹ്ഖാന്‌
ഊത്ത
ശാന്തിനികേതനത്തിലെ
കുഞ്ഞിക്കുട്ടന്‌
താരാട്ട്