Binu M Pallippad
എങ്കിലും
നോബല്‍സമ്മാനങ്ങളുടെ
ദേശീയഗാനങ്ങളില്‍
സാന്താളന്മാരുടെ
മൂര്‍ച്ചയുള്ള സാരിച്ചുവപ്പില്ല

'മുടി'(1)തിന്നുന്ന
മുക്കാലി വണ്ടികളോ
അണയ്ക്കുന്ന കുതിഞ്ഞരമ്പുകളോ
വിയര്‍ത്തുനാറിയ
കുപ്പായങ്ങളോ ഇല്ല

ആമയോളം ക്ഷമയുള്ള
അവിടുത്തെ കുടിലുകളെ
അമര്‍ത്യന്മാരുടെ
കാല്‍ക്കുലേറ്റര്‍ വേട്ടയാടിയത്‌
നീ മറച്ചുവെക്കരുത്‌

ഇന്ദ്രിയങ്ങളില്‍
'രസഗുള'(2) പടര്‍ത്തരുത്‌
അതു നിറയെ
കൊഴുത്ത രബീന്ദ്രസംഗീതമാണ്‌

ഏതോ ദാഹംതീരാത്ത
ക്ടാവിന്റെ മരണമാണ്‌
ഓടയിലധികംവരുന്ന
പന്നികളുടെ സ്വപ്നങ്ങളാണ്‌

അയ്യോ!
രാംകിങ്കറിന്റെ 'കുടുംബം'(3)
ബംഗാള്‍ സ്കൂളിന്റെ ശാ ്യം
മറന്നുപോയെന്നോ

ഉഷ്ണം പുകയുന്ന
ശാന്തിനികേതന്‍,
നിന്റെ സ്വപ്നങ്ങളില്‍
ഒരു ചിറാപ്പുഞ്ചി
വിരിയാത്തതെന്ത്‌?

ശഹീദ്‌ ഖുദിറാം
ഭഗത്‌ സിംഗ്‌, സൂര്യ സെന്‍
ആസാദ്‌ ഇവരെ
നിന്റെ നെഞ്ചില്‍ വടിയൂന്നിയ
കിഴവനറിയില്ലെന്നോ?

'കള്ളനും' 'കണ്ടാമൃഗവും'(4)
നിറഞ്ഞ കരുത്തില്‍
ബംഗാളിന്റെ പട്ടിണിക്കണ്ണ്‌
കുഴിച്ചെടുത്ത
അമാ ്‌ കുടിയിലെ
ടാഗൂറിനെ
ഞങ്ങള്‍ കണ്ടു

'എസ്‌ റാജില്‍'(5)നിന്നും
ഏക്‌ താര(6)യിലേക്കുള്ള ദൂരത്ത്‌
തൊരുണ്‍ദാസ്‌ ബാവുലിന്റെ
വീടു കണ്ടു

അന്ന്‌
ഞരമ്പു കുരുങ്ങിയ
തൊണ്ടയില്‍
ഒരു 'ദോ താര'(7)
ചിതറിയതെന്തിന്‌?

ഇപ്പോള്‍
പാട്ടിനും ഭ്രാന്തിനുമിടയ്ക്ക്‌
ദൂരമില്ല

എങ്കിലും ശാന്തിനികേതന്‍...

ഇന്ന്‌
ഞങ്ങളുടെ പ്രതീക്ഷകളില്‍
കടുകെണ്ണ കനക്കുന്നു

വെള്ളക്കുപ്പായങ്ങളേക്കാളും
രതി കുറുക്കിയ
ലിപ്സ്റ്റിക്കിനേക്കാളും
ഇനാമല്‍ച്ചുവപ്പുള്ള
രക്തസാക്ഷിമണ്ഡപങ്ങള്‍ തന്നെയാണ്‌
ഞങ്ങള്‍ക്കിഷ്ടം

സൂചന
1 ബംഗാളിലെ ഏറ്റവും വിലകുറഞ്ഞ ഭക്ഷണം
2 പാലുകൊണ്ടുണ്ടാക്കുന്ന ബംഗാളി മധുരം
3 രാംകിങ്കര്‍ ബയ്ജിന്റെ ശില്‍പം
4 ആത്മഹത്യ ചെയ്ത കെ പി കൃഷ്ണകുമാറിന്റെ ശില്‍പങ്ങള്‍
5 രബീന്ദ്രസംഗീതത്തിനുപയോഗിക്കുന്ന ഒരു കമ്പിവാദ്യം
6 ബാവുല്‍ഗായകരുടെ ഒറ്റക്കമ്പിവാദ്യം
7 രണ്ടുകമ്പികളുടെ ബാവുല്‍വാദ്യം