Binu M Pallippad
മിഴിയും തിങ്കളും
ആദിത്യനും അശ്വഘോഷും
നന്നായി ചിരിക്കുന്നു
ഉറക്കത്തിലും ഉണര്‍വ്വിലും

എല്ലാവരും അവരുടെ അമ്മമാരുടെ
കൈകളില്‍ക്കിടന്ന്‌ പാല്‍ കുടിക്കുന്നു

നമ്മളെ നോക്കി
ഇങ്ക്‌ ഇങ്ക്‌ എന്നു പറയുന്നു

നമ്മളതിന്‌ വെറുതേ
ഓരോ സംഭാഷണം കൊടുക്കുന്നു

അവര്‍ പകലിനെ കാണുന്നത്‌
അപ്പുപ്പന്‍ ചിരിക്കുന്നത്‌
പൂവ്‌ കാണുന്നത്‌
കാറ്റു നിറച്ച അരയന്നം
കൈയൂരിപ്പോയ പാവക്കുട്ടി
കണ്ണു വരച്ച തത്തമ്മ
തുടങ്ങിയവ അവരിലേക്ക്‌
ചുണ്ടുകുത്തി കിടക്കുന്നതുകണ്ടിട്ട്‌
നമ്മളാണ്‌ ഓരോന്ന്‌
സങ്കല്‍പിക്കുന്നത്‌

ജോലി തീര്‍ത്ത്‌
മടിയില്‍ക്കിടത്തി
കണ്ണിനു മഷിയിടുമ്പോള്‍
ഒരു കാക്കയോ കുരുവിയോ മറ്റോ
കരയുന്നതൊഴിച്ചാല്‍
അവിടമാകെ നല്ല ശാന്തതയാണ്‌

പൗഡറുതൊട്ട്‌
മുഖം തുടച്ച്‌
തൊട്ടിയിലേക്കു കൊണ്ടുപോകുമ്പോള്‍
നമ്മള്‌ വെറുതേ ഓരോന്നു
സങ്കല്‍പിച്ചുകൊണ്ടേയിരിക്കും