Joseph. S
വിളക്കുവെയ്ക്കുകയായിരുന്നു അവള്‍
പെട്ടെന്നു കൊടുങ്കാറ്റും മഴയും
മരങ്ങള്‍ ഒടിഞ്ഞുവീഴുന്നു

ആ വീട്‌ ഇരുട്ടില്‍ ആണ്ടുപോയി

തീവണ്ടിയാപ്പീസിലെ ഹോട്ടലില്‍
കാപ്പികുടിക്കുമ്പോള്‍
ആദ്യം തിന്നാനൊന്നുംവേണ്ടെന്ന്‌
പറഞ്ഞെങ്കിലും
കുറച്ചു കഴിഞ്ഞപ്പോള്‍
അവള്‍ തിന്നുകൊണ്ടിരുന്ന വടയുടെ ബാക്കി
വാങ്ങിക്കഴിച്ചു

വട വേര്‍പെട്ട വിരലുകളും
അല്‍പം തുറന്ന ചുണ്ടുകളും

വളരെ നേരത്തേയെത്തിയ തീവണ്ടി
അവളെയുംകൂട്ടിക്കൊണ്ടുപോയി

ചുറ്റുമരങ്ങളുള്ള ഒരു തുറസ്സുമാത്രം
അങ്ങുമിങ്ങുമല്‍പം പുകയോടെ
ഒരു മഴയുടെ തുടക്കത്തോടെ