Jayakrishnan. A
വേലയ്ക്കുപോകുന്നെല്ലാരും
പൂതങ്ങളും പൂക്കാവടികളും
കെട്ടുവേഷങ്ങളും കുട്ടികളും
കുന്നുകയറുന്നു
ഇനി മരങ്ങള്‍ മാത്രം ബാക്കിയാവും
ആരെയും കാണിക്കാതെ
വീട്ടുകാര്‍ വളര്‍ത്തുന്ന
ഒരു പൊട്ടിപ്പെണ്ണുണ്ട്‌
അടുക്കളയുടെ ജനലഴികളിലൂടെ
അവള്‍ കാണുന്നുണ്ട്‌
മരങ്ങള്‍ പൂക്കാവടികളാവുന്നത്‌
പൂതനും തിറയുമായി വന്ന്‌
ചുവടുകള്‍വെച്ചാര്‍ത്തു ചിരിച്ചുപോവുന്നത്‌
ഉറഞ്ഞുറഞ്ഞുവന്ന്‌ പൂവുകളെറിയുന്നത്‌
താഴേയ്ക്കു കുനിഞ്ഞുകുനിഞ്ഞവളുടെ
നെറുകയില്‍ തൊടുന്നത്‌
വേലകഴിഞ്ഞെല്ലാവരും കുന്നിറങ്ങിവരുന്നു
പൂതങ്ങളും കാവടികളും കുന്നിറങ്ങി
എവിടേയ്ക്കോ മറഞ്ഞുപോവുന്നു
കൊട്ടുകളും കുഴലുകളും
ശബ്ദങ്ങളോടെത്തന്നെ
ദൂരേയ്ക്കകന്നകന്നു പോകുന്നു
മരങ്ങള്‍ ഒന്നുമറിയാത്തവരെപ്പോലെ
അവസാനത്തെ നൃത്തച്ചുവടുകളോടൊപ്പം
മണ്ണില്‍ നില്‍ക്കുന്നു
വേല കണ്ടുവരുന്നവരുടെ മുന്നില്‍
പൊട്ടിപ്പെണ്ണ്‌ ചിരിച്ചുകൊണ്ടു നില്‍ക്കുന്നു