Jayakrishnan. A
വംശനാശം നേരിടുന്ന
ഒരു പക്ഷി വന്നിരിക്കാറുണ്ട്‌
എന്റെ തോട്ടത്തില്‍
അതിന്റെ ഏറ്റവും ചെറിയശബ്ദം
മരങ്ങളൊന്നും ശ്രദ്ധിക്കാറില്ല എന്നു തോന്നുന്നു
അതിന്റെ ശബ്ദം തിരിച്ചറിയാനായി
അതിന്‌ ഇണകളോ തുണകളോ ഇല്ല
എങ്കിലും ഒരു വംശത്തിന്റെ
അവസാന രേഖപ്പെടുത്തലെന്നപോലെ
ആ പക്ഷി എല്ലാ മരത്തിലും കയറിയിരിക്കുന്നു
എല്ലാതും വളരെ സന്തോഷത്തോടെ
നോക്കിക്കാണുന്നു
ആര്‍ക്കോവേണ്ടി തൂവലുകള്‍ പൊഴിച്ചിടുന്നു
അതിന്റെ പേരെനിക്കറിയില്ല
എങ്ങനെ ഇവിടെ വന്നതെന്നുമറിയില്ല
ഏറെനാള്‍ കഴിഞ്ഞാല്‍
ആ പക്ഷി ഈ ലോകത്തുനിന്ന്‌ ഇല്ലാതാകും
അത്‌ അടയാളപ്പെടുത്തിയിരുന്ന
അതിന്റെ ഏറ്റവും ചെറിയശബ്ദം ഇല്ലാതാകും
സന്തോഷത്തോടെ കാണാന്‍ ശ്രമിച്ചിരുന്ന
അതിന്റെ ഏറ്റവും വലിയ ലോകം ഇല്ലാതാകും
പിന്നീട്‌ എല്ലാ തോട്ടത്തിലും
ആ പക്ഷിയെ പതുക്കെപ്പതുക്കെ കാണാതാവും