Jayakrishnan. A
ബസ്സില്‍പോകുമ്പോള്‍
എന്നും കാണാറുള്ള ഒരു വഴിയുണ്ട്‌
ആ വഴിയിലൂടെ ആളുകള്‍
വരികയും പോവുകയും ചെയ്യുന്നു
കയറിയും ഇറങ്ങിയുമുള്ള ആ വഴിയ്ക്കപ്പുറം
ഒന്നുംതന്നെ കാണുകയില്ല
അപ്പുറം ശൂന്യമായ ഒരിടം
എന്നു തോന്നിപ്പോകും
ആകാശം അതിനതിരിട്ടു നില്‍ക്കും
അവിടെനിന്ന്‌ ബസ്സ്‌
ആളെയെടുക്കുകയും ഇറക്കുകയും ചെയ്യുന്നു
പണിക്കുപോകുന്നവരാണധികവും
എന്നും കാണാറുള്ള
മുഖക്കുരു ഭംഗിയിട്ട പെണ്‍കുട്ടിയും
അവിടെയാണിറങ്ങാറ്‌
ആ വഴിയ്ക്കുശേഷം എന്താണ്‌?
ആ വഴി കൊണ്ടുനിര്‍ത്തുന്ന സ്ഥലം ഏത്‌?
ഏതൊക്കെ വീടുകളില്‍നിന്നാണവര്‍ വരുന്നത്‌?
എന്നൊക്കെ വെറുതേ വ്യാകുലപ്പെടും
അതൊരു വഴിയാണ്‌
ആ വഴിയിലൂടെ ആളുകള്‍
വരികയും പോവുകയും ചെയ്യട്ടെ
വഴിയിലൂടെ ചെന്ന്‌
അവരുടെ വീട്ടിലേയ്ക്കെത്തട്ടെ
വഴിയിലൂടെ വന്നവര്‍
ബസ്സു കാത്തുനില്‍ക്കട്ടെ
അവിടെ ഇതുവരെ ഇറങ്ങിനോക്കിയിട്ടില്ല
ആ വഴിയ്ക്കപ്പുറം എന്തുമാവട്ടെ
മഴയില്‍നിന്നും വെയിലില്‍നിന്നും
ആളുകള്‍ ഇറങ്ങിവരട്ടെ
വഴിയിലൂടെ നടന്നുവന്നവരെന്നും
ബസ്സു കാത്തുകാത്തു നില്‍ക്കട്ടെ
ആവഴി അവിടേയ്ക്കുള്ള വഴിയായി
കിടക്കുകതന്നെ ചെയ്യട്ടെ