Mohanakrishnan. V
ഊത്താലടിക്കാതിരിക്കാന്‍
വാതിലടയ്ക്കുമ്പോള്‍
ആകെ നനഞ്ഞൊരാള്‍
ഈറനും ചുമന്ന്‌
ഇറയത്തു നില്‍ക്കുന്നതായി
മിന്നലില്‍ കണ്ടു.
പെട്ടെന്നുവന്നൊരു കാറ്റ്‌
വാതിലടയ്ക്കാനെനിയ്ക്ക്‌ കൂട്ടുനിന്നു.

മഞ്ഞുകാലത്ത്‌
ജനലടയ്ക്കുമ്പോഴും
കോച്ചിവലിച്ച്‌
അവിടെയുണ്ടയാള്‍!

വേനലില്‍
ജനാലയിത്തിരി തുറക്കുമ്പോഴും
ഉടുമുണ്ടഴിച്ചു വീശി
വെറുംതറയില്‍
വിയര്‍ത്തു കിടപ്പാണയാള്‍.

എന്റെ പങ്കും നനഞ്ഞ്‌
എന്റെ പങ്കും തണുത്ത്‌
എന്റെ പങ്കും വിയര്‍ത്ത്‌
എന്റെ വീടിനു പുറത്ത്‌
നില്‍പാണയാള്‍.
എന്റെ പങ്ക്‌
ഞാനറിയാത്തയാള്‍.