Sebastian
എരണ്ടകള്‍ കറുത്തിരിക്കുന്നത്‌
രാത്രിയോട്‌
അവ പാടാതിരിക്കുന്നതുകൊണ്ടാവാം.

പുഴയുടെ നിശ്ശബ്ദാരവവും
കണ്ടലുകളുടെ പാതിമുങ്ങിയ മൗനവും
കാറ്റിന്റെ ശീല്‍ക്കാരവും
അവ ഏറ്റുപാടുകയില്ല.

പുലര്‍ച്ചകളില്‍
മനുഷ്യരില്ലാത്ത ലോകത്തേയ്ക്ക്‌
കൂട്ടമായി അവ പറക്കുന്നു.

വിദൂരമേഘങ്ങളില്‍ പാറിക്കളിക്കുന്ന
ചെറുകിളിയോടുപോലും
എവിടേയ്ക്കെന്നു പറയാതെ.