Sebastian
കാട്ടിത്തന്നു മരച്ചില്ല
ഒരുകീറ്‌ വാനത്തെ.

ചില്ലയിലെ കിളി
വാനത്തെപ്പറ്റി ഒന്നും പറയാതെ
പറന്നുപോയി.

ഇലകള്‍ വാനത്തിനപ്പുറത്തെ
പച്ചച്ച മണ്ണിനെക്കുറിച്ചു പറഞ്ഞു.

പൂവുകള്‍ പച്ചച്ച മണ്ണിനടിയിലെ
നീലമണ്ണിരകളെക്കുറിച്ച്‌.

കനികള്‍ നീലമണ്ണിരകള്‍
നരകത്തിലേയ്ക്കു കൊണ്ടുപോകുന്ന
അഗ്നിനിറമുള്ള എണ്ണയെക്കുറിച്ച്‌.

ഒന്നുംപറയാതെ
കനിയിലിരുന്ന പുഴുമാത്രം
കരണ്ടുകരണ്ട്‌ ഇറങ്ങിപ്പോയി
മണ്ണിലെ സ്വര്‍ഗ്ഗീയമായ
മണങ്ങളിലേയ്ക്ക്‌.