Vasudevan Korom
ആയിരം പാദസരങ്ങളുള്ള
ഒരു ജ്വല്ലറിയാണ്‌ ആലുവാപ്പുഴ

തൊട്ടുമുമ്പു
ആയിരം പാദസരങ്ങളും
മണലില്‍ വീണു

മീനുകള്‍ അവസാനശ്വാസംകൊണ്ട്‌
വരച്ച ചിത്രങ്ങളും
മണലിലുണ്ട്‌

ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
എന്ന പാട്ടുകേട്ടാല്‍
നിനക്കു രോമാഞ്ചംകൊണ്ട്‌
വേലിയേറ്റമുണ്ടാകുന്നതായി
പറഞ്ഞുകേട്ടിരുന്നു

ആലുവാമണപ്പുറത്ത്‌
ഞാന്‍ ആരും തിരിച്ചറിയാതെ പോകുന്നു