Vasudevan Korom
കിനാവില്‍ നടക്കുന്ന മനുഷ്യരെപ്പോലെ
കിനാവില്‍ പറക്കുന്ന പറവകളെ
എനിക്കറിയാം

ആകാശത്ത്‌ കൊള്ളിമീനുകള്‍
മനോഹരമായി നൃത്തംചെയ്യുന്ന
ചില രാത്രിയില്‍
അവ വരാറുണ്ട്‌

തുറന്നിട്ട ജനല്‍ക്കമ്പിയില്‍
കാലുവച്ച്‌ ഇരിക്കും

ചിമ്മിയ കണ്ണുകൊണ്ട്‌
കാണാതെ നോക്കും

വെള്ളത്തിന്റെ നനവ്‌
ഉണര്‍ത്തിയാലോ എന്നു വിചാരിച്ച്‌
ഞാന്‍ കൊടുക്കാറില്ല

ഗോതമ്പുമണികള്‍
വായില്‍വെച്ചാല്‍
മെല്ലെ തുപ്പും

രണ്ടുനില കെട്ടിടത്തില്‍നിന്നും
താഴെവീഴുന്ന ഗോതമ്പുമണികള്‍
പിറ്റേന്ന്‌ ബോധത്തോടെ വന്ന്‌
എടുത്തുകൊണ്ടുപോകും