Raveendran Pulakkat
പിറപ്പില്‍ത്തന്നെ താള-
പ്പിഴ പറ്റിയ കാലും
മുറിഞ്ഞ ചുണ്ടും ചിരി-
യ്ക്കുന്നൊരാര്‍ദ്രമാം കണ്ണും
കരളിന്‍ മണലിന്മേല്‍
കൗതുകപൂര്‍വ്വം കളം
വരയ്ക്കും പകല്‍ക്കിനാ-
വിന്റെ കാല്‍വിരല്‍ത്തുമ്പും
അതിഗൂഢമായ്‌ നുഴ-
ഞ്ഞേറുന്ന കഷണ്ടിയോ-
ടതിര്‍ത്തിത്തര്‍ക്കം പൂണ്ട
നെറ്റിയും, തലയോട്ടില്‍
വിധിപോലേകാന്തത്തില്‍
കണ്ടു ഞാനൂറ്റംകൊള്ളും
വിചിത്ര പുരാവസ്തു
ശാലയാം മസ്തിഷ്കവും
കൂര്‍നഖംകലരാക്കൈ-
വിരലും ചേരുന്നെന്നെ
കൂപ്പുന്നേന്‍, മറ്റാരുമാ-
വാത്ത ഞാനല്ലോ ധന്യന്‍!

കൂടുതല്‍ കവിതകള്‍