Raman. P
വക്കുകളുടേയും മുനകളുടേയും വലയില്‍ക്കുടുങ്ങി
നിന്റെ കുഞ്ഞുതല

കുഞ്ഞുമുഖത്തെ കുസൃതിച്ചിരിക്കുമേല്‍
കൃഷ്ണമണിക്കരിനോട്ടത്തിനും മേല്‍
നെറ്റിയെ
നെറുകയെ
പിന്‍കഴുത്തിനെ
ലക്ഷ്യമിട്ട്‌ തുറിച്ചുനോക്കുന്നു
ഓരോ വക്കും ഓരോ മുനയും

അതുകാണാന്‍മാത്രം മുതിര്‍ന്നിട്ടില്ല
നിന്റെ കൃഷ്ണമണിക്കരിനോട്ടം
ഇനിയും

നിന്നെ നോക്കി ചോരകുടിച്ച ആദ്യത്തെ ഓന്ത്‌
അനേകം അരികുകളും വക്കുകളും
മുനകളും മൂര്‍ച്ചകളുമുള്ള ഈ മുറി തന്നെ

നീ പൊക്കംവയ്ക്കുന്നതനുസരിച്ച്‌
വക്കുകളും മുനകളും കൂടുതല്‍ പൊക്കത്തേയ്ക്ക്‌
കേറിയിരിക്കുന്നു
അവ പതുങ്ങി തക്കംപാര്‍ക്കുന്ന
ഒറ്റമരബോണ്‍സായ്‌ കാടുകള്‍ മുറി നിറയെ
സ്റ്റൂളുകള്‍ കസേരകള്‍

കൊച്ചുദൈവത്തിന്റെ കുഞ്ഞുതല കാണാം
ചുവരിലെ ചിത്രത്തില്‍
വക്കും മുനയുമില്ലാത്ത
ഒരു പ്രകാശവലയത്തില്‍ കുടുങ്ങി