Varadan
1
വൈകീട്ട്‌
മന്ദത്തിനു ചുറ്റും
ആണ്‍ പെണ്‍ കുതിരകള്‍
ദേശം തറവാട്‌ ജാതി നേര്‍ച്ചക്കുതിരകള്‍
കൊമ്പുള്ളതും കൊമ്പില്ലാത്തതും
മണ്ണില്‍
തോല്‍പ്പാവക്കൂത്താട്ടമായ്‌ നീണ്ട നിഴല്‍ക്കുതിരകള്‍

പുതുനെല്ലില്‍ വൈക്കോല്‍കൊണ്ട്‌ കെട്ടിയത്‌
ചെമ്പട്ടും ചിലങ്കയുമണിഞ്ഞത്‌
പൊലിപൊലിപ്പിച്ചത്‌
എടുപ്പിലേറ്റിയത്‌
പളുങ്കാക്കിയത്‌

കൊയ്ത്തുകാല കളികളാവാം
കാടിറങ്ങി
വീര്യമിറങ്ങി
ചത്തവയാവാം

പല തരത്തിലുള്ളവ
പല നിറത്തിലുള്ളവ

ആര്‍പ്പാരവങ്ങളില്‍
വായ്ത്താരികളില്‍
കൊട്ടിന്‍ ചുവടില്‍
കെട്ടിന്‍ തണ്ടില്‍
ആകാശക്കൂര പൊളിക്കാന്‍
മുകളിലേയ്ക്കു കുതിച്ചു


2
അതേ ഇടം
ഓര്‍ക്കാപ്പുറത്ത്‌
'മരുന്നു പണി'കളുടെ
മിന്നും വെള്ളിച്ചാട്ടവാറടികളില്‍
കാഴ്ചപോയ്‌
കണ്ണാടി പോയ്‌
വായനക്കവും നിലച്ചു

മണ്ണിന്നടിയിലുരുളുന്ന
കുളമ്പടിവെടിയൊച്ചകളില്‍
കാലുകള്‍ തെന്നുന്നോ?

ഒരു ഞൊടിമുമ്പ്‌
മതിലകത്തു നിന്നിരുന്ന
കെട്ടു - കുതിരകളെവിടെ?
വട്ടംചുറ്റലിന്നിടയില്‍
'തലകള്‍' 'ഉടലുകള്‍' മറിഞ്ഞുപോയോ?

പന്തയങ്ങളില്‍നിന്നു വീണു
നിലംതപ്പുകയോ?

കുതിരകളുടെ
കെട്ടും മട്ടും കനവും
മനുഷ്യച്ചുമലുകളില്‍ക്കയറി
ദിശയില്ലാതെ കാവുതീണ്ടുന്ന
ആള്‍പ്പുറത്തെ കുതിരകള്‍
ചാട്ടകള്‍ വീശി
നേര്‍ക്കുന്നു.