Lopa. R
ഉയരും വീണ്ടും താണു
പറക്കുംനാമൊന്നിച്ചാ-
ഞ്ഞുലയുന്നുവോ തോഴ,
ചില്ലയില്‍ ചില്ലാട്ടത്തില്‍‍‍

പ്രണയം മാമ്പൂക്കളായ്‌
വിരിയും മരക്കൊമ്പില്‍
നിശയോ നീയോ ഞാനോ
കെട്ടിയിട്ടതീയൂഞ്ഞാല്‍?

ഒക്കെയുമിരുട്ടാണ്‌,
മധുരിച്ചതായ്‌ പണ്ടു
തോന്നിയതെല്ലാമുള്ളില്‍
പുളിയായ്‌ ചെടിപ്പാണ്‌

നമ്മുടെയോരോ നോവും
ചൂണ്ടലില്‍ കൊരുക്കുവാന്‍
ചുറ്റിലുമാരൊക്കെയോ
കാത്തുകാത്തിരിപ്പാണ്‌

പകയും ചൂടുംമാത്ര-
മുയരും കണ്ണാല്‍ പുക-
ച്ചുയിയോടെരിക്കുവാന്‍
നോമ്പുനോറ്റിരിപ്പാണ്‌

പ്രണയം മണിപോയ
സര്‍പ്പമായ്‌ നമ്മെച്ചുഴ-
ന്നിരുകണ്ണിലും കൊത്തി
പ്പിരിയാനിരിപ്പാണ്‌

എങ്കിലും നിന്നോര്‍മ്മയീ
തണുപ്പില്‍ പുതപ്പാണ്‌
സങ്കടം വാറ്റിക്കിട്ടും
വീഞ്ഞിന്റെ ചുവപ്പാണ്‌

കടങ്ങള്‍ തീരാത്തതാം
ഇരുളിന്‍ കേവഞ്ചിയില്‍
തുഴഞ്ഞേയിരിക്കിലും
ചുറ്റിലും നിലാവാണ്‌

സന്ധ്യകള്‍ തൊടുവിച്ച
സീമന്തസിന്ദൂരങ്ങള്‍
രാത്രിയിലലിയാതെ
നെറ്റിയിലിരിപ്പാണ്‌

ഇവിടെ കണ്ണീരുപ്പി-
ന്നായിരം രുചിയാണ്‌
നിനവാല്‍ നീ ചൂഴുമ്പോ-
ഴെന്തൊരു കരുത്താണ്‌

അറിയാതെ നീ മൂളും
വരിയായ്‌ നിന്നില്‍ത്തന്നെ
വിലയിച്ചൊടുങ്ങുമ്പോ-
ഴെന്തൊരു സുഖമാണ്‌

ഇവിടെത്തണുപ്പാണ്‌
മരണം മരിക്കുമ്പോള്‍
നിശയും നീയും ഞാനും
ഊഞ്ഞാലിലിരിപ്പാണ്

കൂടുതല്‍ കവിതകള്‍