Sasthrusarmman. A
കുട്ടിക്കാലത്ത്‌
മയിലുകളെ വരച്ചിരുന്നു

അഴകോ മിഴിവോ ഇല്ലായിരുന്നെങ്കിലും
ജീവന്‍വെച്ച്‌
അവ പറമ്പിലും മുറ്റത്തും നടന്നിരുന്നു

വലുതായ കാലത്ത്‌
പാതയോരത്തൊരു
മയിലെണ്ണവില്‍പനക്കാരനെ കണ്ടു

ഉള്ളുചുരണ്ടിയെടുത്ത്‌
പഞ്ഞിനിറച്ച മയിലുകള്‍
അഴകോടെ അരികത്ത്‌
നിരയായ്‌ നില്‍ക്കുന്ന കണ്ടു

പഴയ കുമ്മായച്ചുമരുകളിലെ
കരിക്കട്ടവരകളെ ഓര്‍മ്മിച്ചു

പുസ്തകക്കാട്ടില്‍ പെറ്റ്‌
മലകളിലേയ്ക്കു പറന്നുപോയ
പീലിക്കുഞ്ഞുങ്ങളെ ഓര്‍മ്മിച്ചു

എന്റെ കുട്ടികള്‍
ഇപ്പോള്‍ വരയ്ക്കും
പല നിറങ്ങളില്‍
പാതയോരത്തെ മയിലുകളെ

അവയുടെ ചത്ത കണ്ണുകളിലെ
കണ്ടെത്താനാകാത്ത കാടുകളെ