Pavithran Theekkuni
ആകാശം കറുത്തിരുണ്ടിരുന്നു
സന്ധ്യയോടടുത്തിരുന്നു
റേഷന്‍കടയിലെ തിരക്കൊഴിഞ്ഞപ്പോള്‍
അവള്‍ അരലിറ്റര്‍ മണ്ണെണ്ണയ്ക്കു ചോദിച്ചു
കാര്‍ഡില്ലാത്തവര്‍ക്ക്‌ തരില്ലെന്നുടമ
തറപ്പിച്ചു പറഞ്ഞു
പുറമ്പോക്കിലായിരുന്നു അവളുടെ വീട്‌
ഇരുട്ടും മഴയും വീണ ഇടവഴിയിലൂടെ നടക്കുമ്പോള്‍
അച്ഛനുണ്ടായിരുന്നെങ്കിലോ എന്നവളോര്‍ത്തു
വളവു തിരിയുമ്പോള്‍ ഒരു മിന്നല്‍പ്പിണര്‍
അവളെ തൊട്ടുഴിഞ്ഞുപോയി
നനഞ്ഞൊലിച്ച്‌ തിണ്ണ കയറുമ്പോള്‍
കാത്തിരിപ്പുണ്ടായിരുന്നു അവളെ
തിരിയുണങ്ങിയ ചിമ്മിനിവിളക്കും
ആളിത്തീര്‍ന്ന അമ്മവിളക്കും.