Pavithran Theekkuni
പൂക്കളോടും പൂമ്പാറ്റകളോടും
പൂച്ചക്കുട്ടിയോടും
വൈകുന്നേരം കാണാമെന്നു പറഞ്ഞ്്‌
സ്ലേറ്റും പെന്‍സിലുമെടുത്ത്‌
യൂണിഫോമിട്ട്‌ പുള്ളിക്കുടയും ചൂടി
ഒന്നാംക്ലാസിലിരിക്കാന്‍പോയി
ഒരു കുഞ്ഞുമന്ദഹാസം

മൂക്കൊലിപ്പും നുള്ളും കുസൃതിയും
വിതുമ്പലും വാശിയും
അടുത്തടുത്തിരിക്കുന്നത്‌ കണ്ടപ്പോള്‍
മന്ദഹാസത്തിനു ചിരിവന്നു

പേരുവിളിച്ചപ്പോള്‍ ഹാജര്‍ പറഞ്ഞു
ഒച്ചയുണ്ടാക്കരുതെന്നു പറഞ്ഞപ്പോള്‍
ഒതുങ്ങിയിരുന്നു

അ അമ്മ
ആ ആന
ക കലം
കാ കാട്‌

മാഷ്‌ ബോര്‍ഡിലെഴുതിയപ്പോള്‍
മന്ദഹാസത്തിന്റെ കണ്ണു നിറഞ്ഞു
പിന്നെ കൂട്ടമണിക്കു കാക്കാതെ
മാഷോടു പറയാതെ
മഴയിലൂടിറങ്ങി വീട്ടിലേക്കോടി

കാടിനടുത്തായിരുന്നു
മന്ദഹാസത്തിന്റെ വീട്‌
ആനയിറങ്ങിയത്‌
ഒരു വൈകുന്നേരമായിരുന്നു
തുമ്പിക്കൈയ്യില്‍ ചുഴറ്റിയെടുത്തത്‌
കലം കഴുകിക്കൊണ്ടിരുന്ന
അമ്മയെയായിരുന്നു