Suresh. O.P
കുളിച്ചു കുളിച്ച്‌
കൊക്കായി മാറിയ ഒരു കാക്ക
കൂടുവിട്ടിറങ്ങി

അഴുക്കും അശ്ലീലവും രുചിച്ച
കറുത്ത കാലം വെടിഞ്ഞ്‌
പുതുപുത്തന്‍ വൃത്തികളിലേയ്ക്ക്‌
വെളുത്ത ചിറകു വിടര്‍ത്തി

കൗശലംകെട്ടുപോയ കണ്ണുകളില്‍
പാവനമായ വെളിച്ചം നിറച്ചു

കലമ്പലുകള്‍ നിലച്ച കാതില്‍
സാത്വിക മൗനം ചിലച്ചു

ചിക്കിച്ചികയുന്ന കോഴിക്കുഞ്ഞുങ്ങളെ
നിര്‍മ്മമമായി നോക്കിരസിച്ചു

ആരൊക്കെയോ ചുട്ട നെയ്യപ്പങ്ങള്‍
ആസക്തിയില്ലാതെ ഓര്‍ത്തെടുത്തു

വിരുന്നുകാരുടെ വിചാരങ്ങള്‍
തൊണ്ടയില്‍വെച്ചേ മറന്നു

നനഞ്ഞ കൈയ്യടികള്‍ക്കൊപ്പം
മരണബാധിതരുടെ വിശപ്പ്‌
ശമിക്കാത്ത ആധിയായി

വിട്ടുപോന്ന കൂട്ടിലേയ്ക്ക്‌ എത്തിനോക്കേണ്ട
പുറകെ വന്നേയ്ക്കും പലതരം പകര്‍ച്ചവ്യാധികള്‍

വിളഞ്ഞ വയലേലകളുടെ
ഏകാന്തമായ വരമ്പില്‍
ഒറ്റക്കാല്‍ ധ്യാനം. ആനന്ദം.

അടഞ്ഞ കണ്ണുകള്‍ക്കപ്പുറം
അറിഞ്ഞതേയില്ല
നിറഞ്ഞ തോക്കിന്റെ ഉന്നം
ധ്യാനമുണര്‍ന്നെണീറ്റത്‌

തെറിച്ചൂ വെടിച്ചില്ലുപോലെ
രണ്ടുണ്മകള്‍ പുറത്തേയ്ക്ക്‌

കാ.. കാ…