Venu Kundoorkunnu
പുറത്തെ കൊടുംവേനല്‍ പൊറാഞ്ഞോ
പക്ഷികളുടെ നായാട്ടു പേടിച്ചോ
കുളിരാര്‍ന്ന എന്റെ കിടപ്പറയ്ക്കകത്തു വന്നുപെട്ടതാകാം
ഈ പച്ചപ്പയ്യ്‌

ഇരുളും വെട്ടവും കുളിരും ചൂടും
വായുസഞ്ചാരവും ക്രമപ്പെടുത്തി
അത്രമേല്‍ ശ്രദ്ധിച്ച്‌
പ്രകൃതിക്കിണങ്ങും മട്ടില്‍
തത്രപ്പെട്ടാണീ വീടു ഞാന്‍ പണിതത്‌

പാവം പച്ചപ്പയ്യിന്നറിയില്ലല്ലോ
ഈ പരിസരമവന്നപരിചിതമല്ലെന്ന്‌

റാന്തല്‍വെട്ടത്തിന്നിത്തിരിവൃത്തത്തില്‍
തൊഴുത്തിലൊരു തിരുപ്പിറവിയടുത്തെന്ന
പ്രവചനവുമായി ഇവന്റെ പ്രവേശം

ഒടുവില്‍ തിരിനാളം കെടുത്തി
തൊഴുകൈയ്യുമായ്‌
പീഡാനുഭവത്തിന്റര്‍ദ്ധപ്രാണന്‍
അല്ലെങ്കിലൊരു കടവാതിലിന്നിരയാകുവോന്‍
പണ്ടിവന്‍

ഇന്ന്‌
ഭീതികൂടാതീ മുറിയ്ക്കകത്ത്‌
തണുത്ത തറയോടിന്‍ മിനുപ്പില്‍
ഇത്തിരിയിളവേല്‍ക്ക നീ
എന്നിട്ടെന്‍ കാവ്യകല്‍പനകളില്‍
ഒരചുംബിതബിംബമാവുക

പച്ചപ്പയ്യിനു പക്ഷിവേഗം
ഹരിതസന്ദേശവാഹകന്‍
പശുത്തൊഴുത്തിലെ
പിറവികളുടെ പ്രവാചകന്‍

പച്ചപ്പയ്യ്‌ തന്റെ സഹസ്രനേത്രങ്ങളാല്‍
തലതിരിച്ചെന്നേയും പരിസരത്തേയും നോക്കി

പിന്നെ
പ്രകൃതിക്കകത്ത്‌ ഞാന്‍ തീര്‍ത്ത
ഛിന്നപ്രകൃതിയെ പരിഹസിച്ചെന്നപോല്‍
ഒരുകുതിപ്പില്‍ പുറത്തേയ്ക്കു മറഞ്ഞു

വീണ്ടെടുക്കുന്നവനൊരു കുതിപ്പില്‍
തന്‍ പ്രകൃതിയെ
ഒരു കിതപ്പോടെ ചാഞ്ഞിരിക്കുന്നൂ
ഞാനെന്‍ ഛിന്നപ്രകൃതിതന്‍
തടവറയില്‍