Manoj Kattambilly
1
ജയിലിലേയ്ക്കു പുറപ്പെട്ട പെണ്‍കുട്ടിക്ക്‌
മഴയില്‍ തണുപ്പു തോന്നില്ല
ബസ്സിലെ പാട്ടിന്റെ വരികളില്‍
തിടംവച്ചൊഴുകി
സംഗീതത്തിന്റെ ഓലികളിലെത്തില്ല
മരണത്തിന്റെ മഞ്ഞപ്പുള്ളികളുള്ള മഴയെ
തൂക്കിലേറ്റുന്ന കാറ്റിലും
വിയര്‍ക്കുന്നതുപോലെ
തോന്നും അവള്‍ക്ക്‌.
നിറയെ തുന്നലുകളുള്ള ജഡത്തില്‍
ഇറ്റുവീഴുന്ന ഇറവെള്ളം മാത്രം
കണ്ണില്‍ ബാക്കിനില്‍ക്കും
2
അവന്‍ വിധവയാക്കിയ പെണ്ണിന്റെ
വീട്ടിലേയ്ക്കു പോകരുതായിരുന്നു
മാപ്പു പറയുമ്പോള്‍
അവിടവിടം മുറിഞ്ഞ്‌ ചോരപൊടിഞ്ഞു.
ജയിലില്‍വെച്ച്‌ എല്ലാം പറഞ്ഞുകൊടുക്കണം.
ചതിച്ചുവീഴ്ത്തിയ രാത്രിയുടെ നിഴല്‍
അദൃശ്യമായൊഴുകുന്നു.
ജീവിതം തുരന്നുകയറുന്ന ഒരു കത്തി
ദുഃസ്വപ്നത്തിന്റെ ചുണ്ടറ്റത്ത്‌
എത്രതവണ പഴുത്തു.
3
തടവറയിലെ കൂജയില്‍ കൊണ്ടുവെച്ച
ജലം പോലെ അഴുകിയതും
അരികു പൊട്ടിയ ആഹാരപ്പാത്രത്തില്‍
ബാക്കിവെച്ച ഗോതമ്പുണ്ടപോലെ തണുത്തും
മുറിച്ചുമാറ്റിയ ചില്ലകളിലെ
പൂക്കളെപ്പോലെ വാടിയും
അസ്തമയത്തിന്റെ ചതുരത്തില്‍
ഒരുറുമ്പിനെപ്പോലെ ചെറുതായിട്ടുണ്ടവന്‍.
അതുകൊണ്ട്‌, തിരിച്ചിറങ്ങുമ്പോള്‍
ഇത്തവണയും സമാധാനിക്കും-
മരണത്തിനു മുമ്പ്‌
അവന്റെ കണ്ണുകെട്ടുന്ന തുണിയുടെ
കടുംകറുപ്പുള്ള ഒരു ജീവിതം
തരുന്നുണ്ടല്ലോ എന്നെങ്കിലും.