Rafeek Ahammed
ക്യാംപസ്‌ ഇലക്ഷനില്‍
നാം തമ്മിലാണിന്നു മത്സരം
നേരമുമുണ്ടിത്തിരി
ഒന്നു ചുറ്റിവരാം മൃഗശാലയില്‍

ഒരുകപ്പ്‌ ഐസ്ക്രീമുമായി
ഞാന്‍ വരുമ്പോള്‍ നില്‍പു നീ
കൃഷ്ണമൃഗങ്ങള്‍ക്കു ചാരെ

പണ്ടു മലയാളംക്ലാസില്‍
വാധ്യാര്‍ പറഞ്ഞ
കാളിദാസീയമാം
ഭാവനയോര്‍ത്തുപോയ്‌

അത്രവിശ്വാസത്തി-
ലത്രയ്ക്കടുപ്പത്തില്‍
തന്നിണതന്‍ കൊമ്പില്‍
കണ്ണില്‍ത്തടഞ്ഞ
കരടുമാറ്റുന്നൊരു
പെണ്‍മാനിനെപ്പറ്റി

പിന്നെ
ഇന്നെന്റെ ഉത്തരക്കൊമ്പില്‍ നിന്‍
കണ്‍മുന വന്നുരയ്ക്കുന്നുവോ?
വേണ്ടെടോ.

ഗോളത്തിലേതു
പുറങ്ങളില്‍ നമ്മുടെ ഭാവി?

ഇടയ്ക്കു പുതുക്കണം
ഒരു എസ്‌ എം എസ്സില്‍
നമ്മുടെ
ജനനാന്തര സൗഹൃദം