Alankodu Leelakrishnan
മരണമെന്നായിരുന്നുവെന്നോര്‍മ്മയി-
ല്ലൊരു പുലര്‍ച്ചയ്ക്ക്‌ കാണാതെയാവുന്നു
ഇവിടെയുണ്ടായിരുന്നുവോ? കാണാതെ
അകലെ കാലത്തിനപ്പുറം നിന്നുവോ?

വെറുതെ, ഇപ്പോള്‍ ഒരേകാന്ത രാത്രിയില്‍
നിനവിലെത്തുന്നു നിങ്ങളെല്ലാവരും;
പരിതപിക്കുകയാണു ഞാന്‍, കത്തുക-
ളെഴുതിയില്ലല്ലോ നിങ്ങള്‍ക്കിതേവരെ!

ഇവിടെയെന്തു വിശേഷം: കലാപങ്ങള്‍
കൊലമരങ്ങള്‍, നിലയ്ക്കാത്ത നോവുകള്‍;
ഇടയില്‍ സുപ്രതീക്ഷാമുനമ്പും ചുറ്റി
നരകയാത്രകള്‍, ഏകാന്തനൗകകള്‍

ഇനി കിനാവില്ല സത്യപ്രതീതികള്‍
പരമസത്യങ്ങളായ്തീര്‍ന്ന യാത്രയില്‍
മരണമില്ലാത്ത വീട്ടില്‍നിന്നിത്തിരി
കടുകുമായ്‌ വന്നിരിപ്പൂ തഥാഗതന്‍.

നിഴലൊരുണ്‍മയെക്കാളും വെളിച്ചമായ്‌
ചുഴലവും നിന്നു പൊട്ടിച്ചിരിക്കുന്നു;
ഒരു വിശേഷമുണ്ട്‌, ഇപ്പൊഴും മാനുഷര്‍
കരയുമാറുണ്ട്‌ പണ്ടത്തെ മാതിരി!

ചലനരാഗം നിലയ്ക്കുന്നു, കാണുവാന്‍
കൊതിയെനിക്കിന്ന്‌ നിങ്ങളെ തോഴരേ;
വിനിമയങ്ങളില്ലെങ്കിലും മറ്റാര്‍ക്കി-
തെഴുതുവാന്‍ എന്റെ ജീവന്റെ കത്തുകള്

കൂടുതല്‍ കവിതകള്‍