Asmo Puthanchira
നല്ലവനെ ചതിക്കാനെളുപ്പം
പറയുന്നതില്‍ സത്യമേ കാണൂ
മറുചോദ്യങ്ങള്‍ ഉണ്ടാകില്ല
വീണാലും ഭാവം കാണിക്കില്ല
തിരിഞ്ഞു കുത്തില്ല
നഷ്ടങ്ങളില്‍ പ്രതീക്ഷ അടവെച്ച്‌
കാത്തിരിക്കും

ചതിയനെങ്കില്‍
അധികവിനയം കാണിക്കും
ഇരിക്കാന്‍ പറഞ്ഞാലും നില്‍ക്കും
ശ്രദ്ധയോടെ കേള്‍വിക്കാരനാകും
ഹാസ്യമില്ലെങ്കിലും
ചിരിച്ചു പ്രോത്സാഹിപ്പിക്കും
കൈയ്യടിക്കേണ്ടിടത്ത്‌
ധാരാളിത്തം കാണിക്കും
പുകഴ്ത്തേണ്ടിടത്ത്‌ വാചാലനാകും
കൂടെയുണ്ടെന്ന തോന്നലുണ്ടാക്കും
കാര്യത്തോടടുക്കുമ്പോള്‍ പുളിക്കും

കാര്യമിങ്ങനെയൊക്കെയാണെങ്കിലും
ചതിക്കപ്പെടുന്നവനെയാണ്‌
ഇന്നു നാം ചതിയനെന്നു വിളിക്കുന്നത്‌.