Sebastian
ഉയര്‍ത്താന്‍ പോകുകയാണ്‌
അല്‍പംകൂടി
നമ്മുടെ ബന്ധത്തിന്റെ അന്തസ്സ്‌
ആത്മധൈര്യത്തോടെ.

വര്‍ണ്ണമുത്തുകള്‍
തൊങ്ങലുകള്‍
സ്വയം ചാര്‍ത്തിയ കിരീടം
ഒന്നും വീണുടയാതെ
ശ്രദ്ധിച്ച്‌.

ഉയര്‍ത്തിക്കിട്ടിയാല്‍
നേട്ടമുണ്ട്‌ നമുക്ക്‌.
അന്തസ്സിന്റെ അന്തസ്സില്ലേ?
അതു നേടാം.
പിന്നെ തുറന്നുപറയാന്‍
കഴിയാത്ത പലതും.

ഒരു വടം വേണ്ടിവന്നേക്കാം
അല്ലെങ്കില്‍ ക്രെയിന്‍.
എന്തായാലും
ഉയര്‍ത്താന്‍ പോകുകയാണ്‌.

ഉയര്‍ന്നുവരുമ്പോള്‍
അന്തസ്സിനൊപ്പം
സ്നേഹവും ഉയരുമോ?
പക, വെറുപ്പ്‌ എല്ലാം?
അതോ വീണുടയുമോ?

പക്ഷെ, ചോദിക്കരുത്‌;
നമ്മള്‍തമ്മിലെന്തു ബന്ധമെന്ന്‌.
കാത്തുസൂക്ഷിക്കുന്ന
അന്തസ്സ്‌ എന്തെന്ന്‌.