Rahna Khalid
തിരിച്ചറിവ്

കണ്ണിലൊരു കരടുപോയപ്പോഴാണ്
തിരിച്ചറിഞ്ഞത്
ഞാന്‍ നിന്റെ കണ്ണിലെ കരടായിരുന്നപ്പോള്‍
എന്തുമാത്രം നൊന്തുവെന്ന്
എന്നിട്ടുമൊരു വേള ശ്രമിച്ചില്ലല്ലോ
എന്നെയവിടെനിന്നെടുത്തുമാറ്റാന്‍

പശ്ചാത്താപം

തിരിഞ്ഞുനടക്കാനായിരുന്നെങ്കില്‍
വഴിയിലുപേക്ഷിച്ചുപോന്ന
പഴത്തൊലിയെടുത്ത്
കുപ്പയിലെറിയാമായിരുന്നു

യാത്ര

വഴിവക്കില്‍ വണ്ടിച്ചക്രത്തില്‍
കാറ്റു നിറയ്ക്കുന്നവരെ നോക്കി ചിരിക്കുന്നവരറിയുന്നില്ല
നിറയ്ക്കാനാകാത്ത ചക്രങ്ങളിലാണ്
തങ്ങളുടെ യാത്രയെന്ന്

നീര്‍ക്കുമിള

ഉള്ളുതിളങ്ങുമ്പോള്‍
അധികമുള്ള വെള്ളം കളയാന്‍
രണ്ടു കണ്ണുകളില്ലാതിരുന്നെങ്കില്‍
എന്നേ പൊട്ടിപ്പോയേനേ
ഈ നീര്‍ക്കുമിള