Anvar Ali
വെറിവേനലില്‍
ഒരു തെങ്ങിന്റെ മണ്ടയില്‍
തണ്ടുതുരപ്പന്‍ സൂര്യകിരണങ്ങളെ കടിച്ചുപറിച്ചുകൊണ്ടിരുന്ന
ഒരു കാക്ക
പെട്ടെന്ന്
തോന്ന്യാസത്തില്‍
ആകാശം തുരന്ന്
അനേകായിരം അപ്പാര്‍ട്ടുമെന്റുകള്‍ക്കപ്പുറത്ത്
ഉദ്ധരിച്ചുനിന്ന മറ്റേതോ മരത്തെ ഉന്നംവെച്ച്
പറന്നു തുടങ്ങിയതും,

ഒരു മഴ വന്നു.

അപ്പാര്‍ട്ടുമെന്റുകളിലൊന്നിലെ
ഇരുപത്തൊന്നാം നിലയിലെ ബാല്‍ക്കണിയില്‍
ഇണചേര്‍ന്നു നിന്നിരുന്ന ഒരാണും പെണ്ണും
കണ്ട് അന്തംവിട്ടു നിന്നു,
മഴയ്ക്കു കുറുകേ ഒറ്റവരയായി
ഒറ്റയ്ക്കു പരക്കുന്ന
ആ കാഫ്കയെ.