Anvar Ali
നീലപ്പുല്‍ത്തറകള്‍ക്കുമേല്‍
പലനിഴല്‍ക്കൂടാരമുണ്ടാക്കിനടന്ന പഴങ്കഥകളേ
ഓരോ തുള്ളി ചിതയിലേയ്ക്കും
ഒരായിരം സൂര്യനു കുതിച്ച ഉടന്തടികളേ
ഉളിപിടിക്കാത്ത കടുന്തടികളേ
ഉരമറിയാത്ത ഇളമുറകളേ
കാറ്റുംപുറത്തു കേറി ഇരക്കാന്‍ പോയവരേ
അടിപറിഞ്ഞ നിലപാടുകളേ
ആടിയാടിയലഞ്ഞ് നാവുകുഴഞ്ഞ്
എടുപിടീന്നൊരുനാള്‍...

ശരി, പിന്നെക്കാണാംന്ന്
പൊറിഞ്ഞിട്ടേലും പോകാരുന്നില്ലേ?

ദൈവംതമ്പുരാനേ!
പ്രൊജക്ടഡ് ടാര്‍ജറ്റുപടി
പ്രോലിട്ടേറിയറ്റു കേരളം വരുമാരുന്നേല്‍
നിന്നുനിന്നു പെരുംകാടുകളാവേണ്ടവരല്ലാരുന്നോ,
കഷ്ടം!

ആഴിയാഴിയഴഞ്ഞ് ...എഴുപിഴീന്ന്...
ആഴിയാഴിയഴഞ്ഞ് ...എഴുപിഴീന്ന്...