Abhirami
ആളില്ലാത്ത അഞ്ച്‌ സി കണ്ട്‌
ആറ്‌ ഏയിലെ അറബിട്ടീച്ചര്‍ പറഞ്ഞു:
' പേരെഴുത്‌!'
ലീഡര്‍ ഉത്സാഹത്തോടെ
തരംതിരിച്ചെഴുതി
കല്ലുകളിച്ചവര്‍
കൂക്കിവിളിച്ചവര്‍
നാരങ്ങ നുണഞ്ഞവര്‍
നൂറാങ്കോലെറിഞ്ഞവര്‍
ചുട്ട പുളിങ്കുരു തിന്നവര്‍
പച്ചപ്പുളിങ്ങ പങ്കുവെച്ചവര്‍
ബഞ്ചു കുതിരയാക്കിയവര്‍
ബലൂണൂതിപ്പൊട്ടിച്ചവര്‍
ബഹളമയം!
സഹികെട്ട്‌
ക്ലാസ്‌ ടീച്ചറുടെ വയസ്സന്‍ കസേര
മേശമേല്‍ക്കയറിയിരുന്നു
കണ്ണട ശരിയാക്കി
ഗൗരവത്തോടെ പറഞ്ഞു:
'സെയിലന്‍സ്‌.. സെയിലന്‍സ്‌...'
അതുകേട്ട്‌
ആമിനയുടെ ഓമനക്കല്ല്‌ ബാഗിലൊളിച്ചു
ചിന്നുവിന്റെ പുളിങ്കുരു ചിതറി
ബലൂണുകള്‍ തലകറങ്ങി വീണു
കനത്ത നിശ്ശബ്ദത
ചൂരലുമായി എത്തിയ അറബിട്ടീച്ചര്‍
അന്തംവിട്ടു
ആരെയാണ്‌ അടിയ്ക്കേണ്ടത്‌?

കൂടുതല്‍ കവിതകള്‍