Venu Kundoorkunnu
ഗയ
ദയാരഹിതമായ ഒരറിവാണ്‌!

തഥാഗതപര്യായ നാമങ്ങളില്‍
തലയുയര്‍ത്തിനില്‍ക്കുന്ന
നക്ഷത്ര സത്രങ്ങള്‍ക്കു മുന്നില്‍
പിഞ്ഞിക്കീറിയ പീതാംബരം
ധരിച്ച രാത്തെരുവുകള്‍

ജാതകകഥയിലെ
ബോധിസത്വനെപ്പോലെ
പിന്നെയും പിറവികൊള്ളുന്ന
ഒരരയാല്‍ മരം

വില്‍പ്പനയ്ക്കു വെച്ച
ബോധിവൃക്ഷത്തിന്റെ ജഡമാതൃകയ്ക്ക്‌
വില പക്ഷേ വളരെ കൂടുതല്‍

കനകമണിമയ രമ്യ വിഹാരങ്ങളില്‍
മണിമുഴക്കിയും
മുരശൊലി മുഴക്കിയും
പ്രാര്‍ത്ഥനാ നിരതമാകുന്ന
മുണ്ഡനം ചെയ്ത മദ്ധ്യാഹ്നം

മുടന്തി നീങ്ങുന്ന ഒരു ജനതയെ
മീളാന്‍ ഇരുകൈകളുടെ കാരുണ്യം
നീളുകയില്ലെന്ന്‌
ബിംബിസാരന്റെ ഇടയ?ാ‍ര്‍ക്കറിയാം

അരമന വെടിഞ്ഞിറങ്ങുന്ന
നിര്‍വ്വാണമാര്‍ഗ്ഗം
കുടിയിറക്കപ്പെട്ടവനറിയുകയുമില്ല

അറിവു നേടുവാന്‍
ആല്‍ത്തറവേണ്ടെന്ന്‌
റയില്‍വേ പ്ലാറ്റ്ഫോമില്‍ വെച്ച്‌
ബോദ്ധ്യമായി

ഗയ വിടുംമുമ്പെ
ഞാന്‍ ബുദ്ധനായി