Anilkumar. T.P
അവന്‌
നിന്നോടുള്ള പ്രണയവും
നീയും ദൈവവും
ഒരു നേര്‍രേഖയില്‍
നില്‍ക്കുന്ന നാള്‍

പകല്‍ തീര്‍ന്നുവെന്നു കരുതി
പക്ഷികള്‍ നേരത്തേ
ചേക്കേറുന്ന ദിവസം
ഇലകള്‍ക്കിടയിലിരുന്ന്‌
രാത്രിയുടെ പാട്ടുകാര്‍
വാദ്യങ്ങള്‍ മുറുക്കും

അപ്പോഴാണ്‌
വിഷസഞ്ചികളില്‍
തേന്‍ നിറഞ്ഞ്‌
പാമ്പുകള്‍
സംഭ്രമത്തോടെ
മാളങ്ങള്‍ വിട്ടു പുറത്തുവരിക.

അവയുടെ മധുരദംശനത്താല്‍
ഇളംചെടികള്‍ പൂവിടും.

എണ്ണവിളക്കുകളുടെ
തീയിലേക്കു പറക്കാതെ
രാത്രിത്തുമ്പികള്‍
പൂക്കളിലേയ്ക്കു വിരുന്നു പാര്‍ക്കാന്‍
യാത്രയാവുന്ന നേരം
അതീന്ദ്രിയസ്വരത്തില്‍
പാട്ടുയരും

അപ്പോള്‍
അവന്റെ പ്രണയത്തിലൂടെ
ദൈവം
നിന്നെ കാണും.