Joseph. S
പടിഞ്ഞാറൊരുവനെത്തേടി
പഴുക്കാമഞ്ഞവെയിലില്‍
വിളഞ്ഞുകിടക്കുന്ന പാടങ്ങള്‍
കൊയ്‌ത്തുകഴിഞ്ഞ പാടങ്ങള്‍
മഞ്ഞവകഞ്ഞങ്ങനെപോകുമ്പോള്‍
ചൈനാക്കാരനായി ഞാന്‍

കറ്റചുമന്നുവരുന്നോര്‍ക്ക്‌
വരമ്പൊഴിഞ്ഞുകൊടുത്തു
കറ്റച്ചുമടില്‍നിന്നൊരു കതിര്‍
ഇറുത്തെടുത്തു ചിരിച്ചു

കാക്കകള്‍ കരഞ്ഞുകൂടുന്നിടത്താ-
ണവന്റെ വീടും മരങ്ങളും
ഞങ്ങളങ്ങനെയിരുന്നപ്പോള്‍
പെടലിയുളുക്കിയ മാതിരി
അവന്റെയമ്മയകത്തേക്ക്‌
കയറിപ്പോയൊന്നും മിണ്ടാതെ

അമ്മയ്‌ക്കും കട്ടന്‍കാപ്പിക്കും
ഒരേനിറം ഒരുമധുരം

വരമ്പിലൂടങ്ങനെ മടങ്ങുമ്പോള്‍
പുകപൊങ്ങിച്ചുരുളുന്ന
ഒരുവീടവന്‍ ചൂണ്ടിക്കാണിച്ചു
അതിവന്റെ പെണ്‍കുട്ടി
ചുരുണ്ടതലമുടിക്കാരി
കട്ടന്‍കാപ്പിയിടുകയാം
അത്‌ തിളച്ചുതൂവുകയാം