Devadas
ഔഷധങ്ങളെ കുറിച്ചുള്ള ഞങ്ങളുടെ
തീ പാറുന്ന ചര്‍ച്ചയിലേയ്ക്ക്
അവള്‍ ഇടിച്ച് കയറി വന്നു
"നാല്പാമരം" ആയിരുന്നു വിഷയം
ഒട്ടും മടിയ്ക്കാതെ അവള്‍ പറഞ്ഞു
എന്റെ വീട്ടിലും ഒരു വലിയ നാല്‍പ്പാമരം ഉണ്ട്,
ഒറ്റത്തടി, നല്ല വണ്ണം

അഷ്‌ടവൈദ്യര്‍ പറയുന്നത് കളവായിരിക്കും
അത്തി, ഇത്തി, അരയാല്‍, പേരാല്‍ ഇവയാണു നാല്പാമരമെന്ന്
പഴഞ്ചൊല്ലുകളും പിഴയ്‌ക്കുന്നു
ഒരു മരം ഒരു കാവല്ലെന്ന്

ഇന്നെനിയ്ക്കറിയാം
നാലു പാല്‍മരം അല്ലാ നാല്പാമരം
അതൊരൊറ്റ മരം ആകുന്നു
ഒരു മരം ഒരു കാവാ‍കുന്നു
ഞാന്‍ നാല്പാമരക്കാവ് തീണ്ടിയകോമരം

യൌവനം ഒരു വനമാണെങ്കില്‍
കൌമാരം ഒരു കാവാണ്