Vinod. T.P
പുസ്തകത്തിലെ പാര്‍പ്പില്‍
മനംമടുത്ത ഒരു വാക്ക്
അര്‍ത്ഥത്തോട് പോലും
ഒന്നുപറയാതെ
പുറപ്പെട്ടിറങ്ങി.

പച്ചനിറത്തില്‍
പ്രാസമുള്ള
പുഴയിലെത്തി
നനവുള്ള വേഗം
കടം തരുമോ
എന്നു ചോദിച്ചു.

ഈര്‍പ്പമെവിടെയെന്ന്
തെറ്റാതെയറിയുവാന്‍
മണ്ണ് വേരിനോട്
കവിത പറയുന്നത്
കാതോര്‍ത്തുനിന്നു.

അഴിവിന്റെ
അരാജകഭാഷയില്‍
കാറ്റിന്റെ അക്ഷരങ്ങളില്‍
തന്നെ കാണുന്നുണ്ടോയെന്ന്
കൊതിക്കണ്ണാടി നോക്കി.

ഒലിപ്പും തെഴുപ്പും
പടര്‍ച്ചയും
പ ിച്ചുതീരുംമുന്‍പ്
വാക്ക്
വീണ്ടുവിചാരപ്പെട്ട്
തിരിച്ചു പോയി.

ഇല്ലെങ്കില്‍

മനുഷ്യരുടെ ഒരു ദൈവം
പുസ്തകത്തിലപ്പോള്‍
അനക്കം എന്ന വാക്ക്
കാണാതെ കുഴയുമായിരുന്നു.