Girija. V.M
കുതിച്ചുപാഞ്ഞുവരുന്നൂ ദല്‍ഹി-
യ്ക്കൊരു പാവം പഴവണ്ടി
കദളീവനമൊരു കൈയ്യിലെടുത്തി-
ട്ടനുമാന്‍ പോകും പോലെ

മഴയുടെ സ്വാദും മണ്ണിന്‍ ചൂരും
വയലേലകളുടെ കാറ്റും
കലരുമതില്‍, മലയാളിയ്ക്കപ്പഴ-
മിവിടം കാണും പോലെ

പണ്ടമ്മൂമ്മടെ മടിയിലിരുന്നൊരു
പാപ്പ നുണഞ്ഞതുപോലെ
കുഞ്ഞിക്കിണ്ണം മാനത്തുണ്ടെ-
ന്നന്നു പറഞ്ഞതുപോലെ

കുതിച്ചുപാഞ്ഞുവരും പഴവണ്ടി-
യ്ക്കുയര്‍ച്ചയൊരു പൊന്‍കിണ്ണം
കടലില്‍ മുങ്ങി, കരയില്‍പ്പൊങ്ങി
ത്തിരമാലകളില്‍, മേഘ-
ക്കടലിലുമൊപ്പം നീന്തിവരും പൊന്‍
തളികകള്‍ കാണുമ്പോഴും

നിരനിരയായി പച്ചക്കുലകള്‍
നിറയും വണ്ടിവലിച്ചിട്ടഴകില്‍
കാറ്റും കാറും കര്‍ക്കടമഴയും
പോരുമ്പോഴും
തുമ്പികളണ്ണാന്‍ കുരുവികള്‍ കാക്കകള്‍
തുഞ്ചിലിരിക്കുമ്പോഴും
ഒരു തുമ്പപ്പൂമുക്കുറ്റിച്ചെടി
യരികില്‍ മുളയ്ക്കുമ്പോഴും
അവിടെയൊരായിരമായിരമാള്‍ക്കാര്‍
അറിയുകയല്ലോ ബാല്യം

വേരും മഴയും മണ്ണും കാറ്റും
തേനൂറുന്നവയായാല്‍
വരുമോ നേന്ത്രപ്പഴമഞ്ഞയുമായ്
റെയില്‍ വേണ്ടാത്തൊരു വണ്ടി?