Kavitha Balakrishnan
സര്‍വ്വം ഗുരുവരം പരിവാരം
എല്ലാ പാരാവാരവുമേ
ചോരയൊന്നും തിളയ്ക്കാതെ
വരമൊന്നും മുറിയാതെ
വരിയൊന്നുമുടയാതെ മേ
മുറ്റം കാത്തുകൊള്ളണമേ

നീയിടയനാണേ
ഞാനോ ആടാണേ
കുറുമ്പുള്ളോളെങ്കിലുമീ-
യുലകത്തില്‍ നല്ലോരെം-
ബ്രോയ്ഡറിയായിട്ടങ്ങനേ-
യിളുമ്പിലൊരാനയെപ്പോല്‍
തുല്യനീതിയോടകലമോടെ
ഭംഗിയൊന്നുമുടയാതെ മേ
കാത്തുകൊള്ളണമേ

നീയിടയനാണേ
ഞാനോ ആടാണേ

പിറകിലൊരു
കുഞ്ഞുപുച്ഛമുണ്ടിതാണു കഷ്ടം
എങ്ങനേയിതാടാതെ നോക്കും,
ഞാനൊരു പട്ടിയാണേല്‍
ഇതൊരു ഗുരുത്വമായേനേ
പക്ഷെ, വേറിട്ടൊരു വഴിയില്ലാ
അപാരമീ സംവേദന സിദ്ധാന്ത സംസാരേ
പൊന്നിടയാ, ഞാനൊരു പൊങ്ങുതടി

നീതന്നേ പട്ടിയാക്കുകീ
നല്ലൊരാടിനെ

നന്മതന്‍ മഹാവൃക്ഷം
കൊമ്പു പൂഴ്ത്തിയ മണ്ണിലോ
സദയം കുഴിച്ചിടുകയീ പട്ടിയെ?

എങ്കിലോ നല്ല കന്നിമാസ ഭഗവാന്മാരേ
ഈയാടിനു കൂട്ടുചേര്‍ക്കണേ
പുച്ഛമടക്കി പെറ്റുകൂട്ടണം
തൊട്ടിലാട്ടി കഞ്ഞിവെയ്ക്കണം
കൂലികൂടാതെ വയറും നിറയ്ക്കണം

തിന്മതന്‍ കരിവേഷം
ചായമിളക്കുന്ന മുറിയിലോ
ഭവാന്‍ കറന്നെടുക്കുകീ-
യജഗളമുലകളെ?
എങ്കിലോ നല്ല ക്യാമറകള്‍
ഈയിരുട്ടിലൊളിപ്പിക്കണേ

പീഡയൊന്നും കൂടാതെ
പീഡനത്തിന്നറുതിയാക്കണേ
സ്ഫോടമൊന്നും കാണാതെ
സ്ഫോടനത്തില്‍ കരിയ്ക്കണേ

നീയിടയനാണേ
ഞാനോ ആടാണേ

അങ്ങോട്ടുപോയാലും മേ
ഇങ്ങോട്ടുവന്നാലും മേ
കാത്തുകൊള്ളണമേ
മ്ഹേ...