Kavitha Balakrishnan
ആയിരം കുടുംബങ്ങള്‍ക്കുവേണ്ടിയാണ്
ഈ സില്‍വന്‍ ഹൈറ്റ്സ്

ഓരോ കുടുംബവും
ഓരോ തരത്തിലാണ്

ഒരുകുടുംബം മിടിയ്ക്കുമ്പോള്‍
മറ്റതു മിടിയ്ക്കുന്നില്ല

ഒന്നില്‍ അച്ഛനില്ല
മറ്റതില്‍ അമ്മയില്ല
രണ്ടുപേരുമുള്ളതില്‍ കുട്ടിയില്ല
മൂവരുമുള്ളതില്‍ നാലാമതില്ലൊരാളും

ഒരു കുടുംബം വിളക്കണയ്ക്കുമ്പോള്‍
മറ്റത് അണയ്ക്കുന്നില്ല

പ്രഭാതത്തില്‍ തിരക്കുപിടിയ്ക്കുന്ന
ആയിരം കുടുംബങ്ങളുടെ അധോവായു
ഒരുമിച്ചു പുഴുങ്ങുന്ന ഈ ഭൂമിയില്‍
ആയിരംതന്നെ വാസ്തുപുരുഷര്‍ ഉണ്ട്
തലങ്ങും വിലങ്ങും ചുരുണ്ടുകിടക്കുന്നവര്‍
ഒരു യോനി കണ്ടിട്ടുള്ള ഓര്‍മ്മപോലും പോയവര്‍
ഒരു ചുവരെടുത്തതു മറയ്ക്കാന്‍
പല ചുവരുകള്‍ പണിതവര്‍

വളരെ സുരക്ഷിതമാണവിടെ ജീവിതം

ഫെങ്-ഷൂയി മത്സ്യങ്ങള്‍ വെട്ടിനീങ്ങുന്ന
ഇളംനീല വെള്ളത്തില്‍ നീരാടാം
ചില്ലുപതിച്ച ഈ ലിഫ്റ്റുകള്‍ക്ക്
ഒരിയ്ക്കലും ക്ഷീണമില്ല

സുവര്‍ണ്ണസൂര്യന്‍ നേരിട്ടു പതിയ്ക്കുന്ന
ആയിരം പുല്‍ത്തകിടികള്‍
ഇഷ്ടത്തിനനുസരിച്ച് നീളത്തില്‍ വെട്ടിയെടുത്ത്
അകമലങ്കരിക്കാം

ആകര്‍ഷകമായ സില്‍വന്‍ ഹൈറ്റ്സിനെക്കുറിച്ച്
ഒരൊറ്റക്കാര്യം കൂടി:

ആയിരം കുടുംബങ്ങള്‍
ഒന്നിച്ചു ലൈറ്റണയ്ക്കാതിരിക്കുന്ന ഒരു രാത്രി വരും
ആകെ മടുത്തവരും
പൂഷണിച്ചവരുമായ പേരക്കുട്ടികളാല്‍
നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും
അപരിചിതമായൊരു രാജ്യത്തെ ന്യായാധിപന്മാരാല്‍
നിങ്ങളുടേതല്ലാത്ത കാര്യത്തിന്
നിങ്ങള്‍ നികുതിചുമത്തപ്പെട്ടവരാകും
അന്ന് ഈ സില്‍വന്‍ ഹൈറ്റ്സിന്റെ മൂല്യം
നിങ്ങളുടെ കൊക്കിലൊതുങ്ങില്ല

അതുകൊണ്ടു വേഗമാകട്ടെ.