Kavitha Balakrishnan
തൊട്ടതെല്ലാം തീയാക്കുന്നവരുടെ നാട്ടില്‍
ഒരുത്തന് പെട്ടെന്നു തുമ്മാന്‍ മുട്ടി

എന്നാപ്പിന്നെ തുമ്മിക്കൂടെ, എന്നു
ചോദിക്കരുത്, മൂക്കു തെറിച്ചാലോ?

തെറിച്ചുവീഴുന്ന മൂക്കുകള്‍
ഹര്‍ത്താലെടുത്ത വഴിവക്കുകളില്‍
കുടുങ്ങി മരിക്കും

എങ്ങോട്ടെന്നില്ലാതെ
അതിരാവിലെ മീന്‍കുട്ടയുംകൊണ്ട്
പിടഞ്ഞോടുന്ന തങ്കം
തടഞ്ഞുവീഴും

പാല്‍ക്കാരന്‍ പത്രക്കാരന്‍
അയ്യപ്പന്‍, പിന്നെ
നട്ടുച്ചയ്ക്ക് കൊമ്പു വിളിച്ചോടുന്ന
ആംബുലന്‍സ് ഒക്കെയും പാളിപ്പോകും
വൈകീട്ടത്തെ എക്സിക്യൂട്ടീവും
പൊയ്‍‌പോകും‌, പിന്നെ
അവശേഷിച്ച ജീവനക്കാര്‍ക്കും
ജീവന്‍ മുട്ടും

പ്രതീകങ്ങള്‍ കൊണ്ടു സംസാരിക്കുന്നവരുടെ
പ്രബുദ്ധമായ രാജ്യത്തു ജീവിച്ചുകൊണ്ട്
നിങ്ങളിങ്ങനെ തുമ്മരുത്

ഇവിടെ
എല്ലാം പെട്ടെന്നു തീ പിടിക്കും.

അതാ
തെറിച്ചവീണ
ഒടുവിലത്തെ മൂക്കും പേറി
ലോറികള്‍ യാത്രയാകുന്നു

എവിടെയും ചോര്‍ത്തിക്കളയാനാവാതെ
അളിഞ്ഞ മൂക്കുകള്‍
ഇങ്ങോട്ടു തിരിച്ചെത്താതെയിരിക്കട്ടെ എന്ന്
നമുക്കൊരുമിച്ചു പ്രാര്‍ത്ഥിയ്ക്കാം

ഒന്നുണ്ടു സുഹൃത്തേ
നമ്മളിങ്ങനെ തുമ്മാതിരിക്കുന്നത്
ലോകത്തില്‍വെച്ചേറ്റവും വിശിഷ്ടമായ
ജനാധിപത്യബോധംകൊണ്ടാണ്.