Sebastian
കാത്തുസൂക്ഷിക്കുന്നു
മുമ്പു കണ്ടിട്ടില്ലാത്ത
ഈ മഴത്തുള്ളിയെ

ഇന്നു രാത്രിയില്‍
അതിനെ നിനക്കായ്
കൊടുത്തുവിടും
ഇവിടെ പെയ്യുന്ന
തള്ളമഴയുടെ പക്കല്‍

അവള്‍ ഇന്നുതന്നെ അവിടെ പെയ്ത്
ആ തുള്ളിയെ നിനക്കു തരും
ഉറങ്ങാന്‍ കിടക്കുമ്പോള്‍
നീയതിനെ കണ്ണിലെഴുതണം

പെട്ടെന്നു കാണാറാകും
മഴവിത്തുകള്‍ വിതയ്ക്കുകയും
മുളച്ചുവളരുകയും ചെയ്യുന്ന
ആകാശനിലങ്ങള്‍

അവ വലുതായി മരമായി
പൂവായി കായയായി
പൊട്ടിത്തൂളുമ്പോള്‍
പെറുക്കിയെടുത്ത്
ഭൂമിയിലേയ്ക്കെറിയുന്ന മാലാഖമാര്‍

നിലങ്ങളുടെ ഉടമ ഈശ്വരന്‍
അവിടത്തെ കൃഷിയിടങ്ങളെല്ലാം
നിന്നെ കൊണ്ടുനടന്നവര്‍ കാണിക്കും
രാത്രി വരമ്പത്ത് ഉറക്കാന്‍ കിടത്തും

പക്ഷെ നാളെ
ഭൂമിയിലെ നിന്റെ വീട്ടിലെ മുറിയില്‍
നീയുണരും

നീ കാത്തുസൂക്ഷിക്കുന്ന
അപൂര്‍വ്വമായ ഒരു മഴത്തുള്ളിയെ
അവിടെ പെയ്യുന്ന തള്ളമഴയുടെ പക്കല്‍
എനിയ്ക്കായ് കൊടുത്തയയ്ക്കുമോ
ഉറങ്ങാന്‍ കിടക്കുമ്പോള്‍
കണ്ണിലെഴുതാന്‍.