Sebastian

താഴെനിന്നും മേലോട്ട് രണ്ടടി
അതില്‍ക്കൂടുതല്‍ ഉയരാറില്ല നോട്ടം
എത്ര ശ്രമിച്ചിട്ടും എത്ര മിഴിച്ചിട്ടും

 

ബന്ധുക്കളേയോ പരിചിതരേയോ
തിരിച്ചറിയുന്നില്ല
ചെറിയകുട്ടികളെ നോക്കി പുഞ്ചിരിക്കാം
മുതിര്‍ന്നവരില്‍ നാട്ടിലെ കുള്ളനോടും

പൂച്ചയെ പെരുച്ചാഴിയെ കോഴിയെ താറാവിനെ
ചിലപ്പോള്‍ കാക്കകളെ ചില നായകളെ
പൂര്‍ണ്ണമായി കാണാം

അതുപോലെ പുല്ല് ചെടി
വീടിന്റെ തറ സര്‍വ്വേക്കല്ല്
കാലുകള്‍ നോക്കി പൈക്കളെ ആടിനെ
ചക്രം നോക്കി വണ്ടികളെ ഒക്കെ വേര്‍തിരിക്കാം

എല്ലാവര്‍ക്കും എന്നെ ഉടനീളം കാണാവുന്നതുകൊണ്ട്
അവരെ ഗൌനിക്കാതെയും ചിരിക്കാതെയും
നടക്കുന്ന എന്നെക്കുറിച്ച്
അവര്‍ എന്തുകരുതുമോ ആവോ

കാണാവുന്ന രണ്ടടിയ്ക്കുമുകളില്‍
അവരുടെ ദേഹവും മുഖവും സങ്കല്പിച്ച്
ഒരുദ്ദേശ്യത്തില്‍ ചിരിക്കാറുണ്ട്

നേത്രരോഗവിദഗ്ദ്ധന്റെ അടുത്തുചെന്നു
അദ്ദേഹത്തിന്റെ ല ര ഷ ണ
കാണാനും വായിയ്ക്കാനും കഴിഞ്ഞില്ല
ഇരുന്നും കിടന്നും കുമ്പിട്ടും നോക്കി
രക്ഷയില്ല

മുറ്റത്തു മാവു പൂത്തത് മണംകൊണ്ടറിഞ്ഞു
എങ്കിലും തെങ്ങു കൂമ്പടഞ്ഞതറിഞ്ഞില്ല
ഇങ്ങനെയൊക്കെയാണെങ്കിലും
ഇടയ്ക്കു പൂമുഖത്തിരിക്കുമ്പോള്‍
നോട്ടം അങ്ങകലെ അനന്തതയോളം
നീളാറുണ്ട്

അപ്പോള്‍ എല്ലാം രണ്ടടി ഉയരത്തില്‍
കൃത്യമായ് ഛേദിഇയ്ക്കപ്പെട്ടിരിക്കുന്നു എന്നും
അതിനുമുകളില്‍ കെട്ടിക്കിടക്കുന്നത്
ശൂന്യതമാത്രമാണെന്നും
വിളിച്ചുകൂവാന്‍ തോന്നും

പക്ഷെ എല്ലാം പഴയപോലെ എന്ന പിടിവാശി
എന്നെ പരിഹസിച്ചുകൊല്ലുന്നല്ലോ.