Bindu Krishnan
ഇല്ലാത്ത മുടി തടവി
പാട്ടി പറയുമായിരുന്നു
'ചൊല്ലിച്ചൊല്ലി അപ്പടിയാച്ച്'

രുക്കുവുമൊത്ത് പട്ടുപാവാടവട്ടത്തില്‍
വിടര്‍മിഴികളുമായി കേട്ടിരുന്നപ്പോള്‍
അതിന്റെ പൊരുള്‍ മുഴുവനറിഞ്ഞില്ല

ഇന്നറിയുന്നു

എന്നും രാവിലെ
ഇതാണു സ്വര്‍ഗ്ഗം, സ്വര്‍ഗ്ഗം എന്നു
മൂന്നുതവണ പറഞ്ഞാല്‍
കാഞ്ചനക്കൂടിന്റെ അഴികള്‍
ഓരോന്നായി അദൃശ്യമാകുന്നത്

ഇതാണു ഞാന്‍ ഇതാണു ഞാന്‍
കണ്ണാടി നോക്കി
എന്നും പലവുരു തറപ്പിച്ചു പറഞ്ഞാല്‍
ഏതോ ഒരാള്‍ ഞാനാകുന്നത്

ഇതുവെറും ഇഷ്ടം ഇഷ്ടം എന്ന്
നൂറ്റൊന്നാവര്‍ത്തിച്ചാല്‍
ആത്മാവിനെ കടപുഴക്കാന്‍
പാഞ്ഞെത്തും പ്രണയം
ഒരോമനക്കൌതുകത്തെന്നലായ്
പതുങ്ങിപ്പതുങ്ങിപ്പോവുന്നത്

ഇന്നെനിക്കു തെരിയും പാട്ടീ
ചൊല്ലിച്ചൊല്ലി എന്തിനേയും
എന്തുമാക്കും സൂത്രം

പക്ഷെ
അഗ്രഹാരത്തിന്റെ ഇരുളില്‍
ചൊല്ലിച്ചൊല്ലി നീ
എന്തിനെ എന്താണാക്കിയിരുന്നത്?
എങ്ങനെയാണ്
നീ എപ്പോഴും ചിരിച്ചിരുന്നത്?