Vinayachandran D
ഞാറ്റുവേലയ്ക്കു പൊങ്കാലനാള്‍ വീട്ടിലെ
കൂറ്റുകാരൊന്നിച്ചു തീര്‍ത്ത നിഴലുകള്‍

കൂട്ടുകാരൊത്തു കിളിത്തട്ടുവെട്ടുമ്പോള്‍
നാട്ടിലെ പള്ളിപ്പുറത്ത് നിഴലുകള്‍

ആറ്റുപടിയ്ക്കലവളെ നോക്കിക്കൊണ്ടു
കാറ്റുപിടിച്ചു പടര്‍ന്ന നിഴലുകള്‍

മൂര്‍ത്തിയെക്കാണാതെ പച്ചിലക്കാളതന്‍
ചീര്‍ത്ത വടിയിലൊടിയന്‍ നിഴലുകള്‍

എന്നാല്‍ മൃതിവന്നു പോകുന്ന നേരത്ത്
പിംഗളകേശിനിയ്ക്കില്ലാ നിഴലുകള്‍

ക്യാമറവേണ്ടേതിടവും സമയവും
ഛായകള്‍ സൂര്യനും തിങ്കളും കൂട്ടാകെ

ഇന്നെന്റ കണ്ണടയൂരിവെക്കുന്നേരം
എന്റെ നിഴലു ഞാന്‍ കാണാതിരിക്കുന്നു

കാലം നിഴലടികൊണ്ടളന്നോരു ഞാന്‍
കാഴ്ചയില്ലാതീത്തെരുവോരമെത്തുമ്പോള്‍

തെക്കുവടക്കറിയാത്ത ഞാനും സര്‍വ്വ
വ്യാപ്ത മൃതിയും സഹയാത്രയങ്ങനെ

ആ വളവില്‍വെച്ചു ഞങ്ങള്‍ പിരിഞ്ഞിടും
നാളെയെനിയ്ക്കെന്‍ നിഴല്‍ കണ്ടുകിട്ടിടും

പൂച്ചയെനിക്കു വഴികാട്ടിടുന്നേരം
വീട്ടുപടിയ്ക്കല്‍ ഞാനെത്തുന്നു വീണ്ടുമേ

ഓരോ നിഴലിനുമുണ്ടാം പ്രമാണങ്ങള്‍
ഓരാതെ പോകാമതിന്റെ പ്രമാദങ്ങള്‍

കൂടുതല്‍ കവിതകള്‍