Devadevan
എത്ര അഴുക്കുള്ള ഈ ലോകം
ദേവദേവന്‍

ഷെഡ്ഡിലേക്കു മടങ്ങുന്ന
ഒഴിഞ്ഞ ചവറുവണ്ടിയില്‍
സ്വസ്ഥമായി കാലുമടക്കിയിരുന്ന്‌
വെറ്റിലചവച്ച്‌
വണ്ടിയോടൊപ്പം ചലിക്കുന്ന
തന്റെ ദേഹത്തിന്റെ ചലനത്തില്‍ ലയിച്ച്‌
ആടിയനങ്ങി ഒരു മാലാഖപോലെ
പോകുന്നവളേ

ചുളിയുന്ന പുത്തന്‍ വസ്ത്രങ്ങളും
ഓഫീസിലെത്തേണ്ട തിടുക്കവുമായി
വെപ്രാളം കയറിയ ഈ പാതയില്‍
ജോലി കഴിഞ്ഞ ആശ്വാസമോ
കാലികളില്‍നിന്നു കണ്ടുപ ിച്ച വിശ്രമരീതിയോ
അല്ലെങ്കില്‍ ഒരുപക്ഷേ
അപൂര്‍വ്വമായിമാത്രം മനുഷ്യരില്‍ തിളങ്ങുന്ന
മഹാശാന്തിയോ നിന്നില്‍?

എത്ര അഴുക്കുകയറിയ ലോകത്തിനു നടുക്കും
ഒരു ചെറു മൂല തിരഞ്ഞെടുത്ത്‌
ജീവിക്കാന്‍തന്നെ നീ ശ്രമിക്കുന്നതു കണ്ട്‌
സന്തോഷംകൊണ്ടോ ദുഃഖംകൊണ്ടോ
തുടിക്കുന്നെടീ എന്റെ ഹൃദയം!