Pramod K M
പത്താം ക്ലാസ്സിലെ
ഹിസ്റ്ററി പരീക്ഷക്കു തലേന്ന്
ഫ്രഞ്ചു വിപ്ലവം ബാക്കിയായിപ്പോയതിനാല്‍
പി.ഷീന തന്ന പേപ്പറിലെ
'പ്രിയപ്പെട്ടവനേ'എന്ന വാക്കുപോലും
പൂര്‍ണ്ണമായി വായിക്കാന്‍
സമയം കിട്ടിയില്ല.

ഉദയംകോട്ടം ശിവക്ഷേത്രത്തില്‍
ഉത്സവത്തിനു വരുന്ന
ഉണ്ണിച്ചിരുതയുടെ
ഉയര്‍ന്ന മുലകള്‍ നോക്കി
സോമാലിയായിലെ
കഞ്ഞികിട്ടാത്ത
കുഞ്ഞുങ്ങളെക്കുറിച്ച്
ഞാന്‍
സഹതപിച്ചു.

എന്റെ നേര്‍ക്കു നീട്ടിയ
ചുവന്ന റോസാപ്പൂ
പീസ് പീസാക്കിയെറിഞ്ഞ്
'വരൂ,കാണൂ, തെരുവുകളിലെ രക്തം'എന്ന്
ഞാന്‍
ഉറക്കെ നെരൂദപ്പെട്ടതിന്റെ
പിറ്റേന്നാണ്
എസ്.നാരായണി
എസ്.എന്‍.കോളേജില്‍ നിന്നും
ടി.സി. വാങ്ങിയത്.

ബസ്സുകാത്തു നില്‍ക്കുമ്പോള്‍
എന്നെ നോക്കി നാണിച്ച
കൊറിയന്‍ സുന്ദരിയുടെ
തുടയിലെ
കറുത്ത മറുകില്‍
കണ്ണുടക്കിയപ്പോള്‍
ബൊളീവിയന്‍ കാടുകളില്‍
ആര്‍ക്കോ
വെടിയേറ്റതായി
ഞാന്‍
പരിതപിച്ചു.

ഇന്ന്
'കുന്തം' എന്ന തൂലികാനാമത്തില്‍
ഞാനെഴുതിയ
''എനിക്കു പ്രേമിക്കാമായിരുന്ന
നാലു പെണ്‍കുട്ടികള്‍'' എന്ന കവിത
ഒച്ചയുണ്ടാക്കാതെ
അടിവെച്ചടിവെച്ച്
അച്ചടിച്ചു വന്നു.