Raj Neettiyath
ഉണ്ണിക്കു ശാന്തി
ഉണ്ണീടച്ഛനു മുട്ടുശാന്തി
മാരാര് കൊട്ടാന്‍
ഏഴ്ശന്‍ വിളക്കത്തു
നിത്യവും പാട്ടു്
മൂന്നിടങ്ങഴി ഭഗവല്‍സേവ
ഉടുക്കാന്‍ പട്ടു്
അരയില്‍ കനകം
മുട്ടറുക്കാന്‍ മൂവന്തിക്കുമാളു്
ദേവി ചുവന്നു മധുരിച്ചു്
ഊരിനു നന്നു്, ഊരാ‍ളനു നന്നു്
ഊരിലെ മക്കള്‍ക്കും നന്നു്
തട്ടകത്തമ്മയ്ക്കു
തട്ടകത്തേക്കാള്‍ പെരുമ

കൂത്തു കുറിച്ചാല്‍
കൂറയിട്ടാല്‍
ദേവി പുറത്തു്
ആളകത്തു്
ഉണ്ണിക്കു തിരക്കു്
ഉണ്ണീടച്ഛനു തിരക്കു്
ഊരാളന്‍ നെടുങ്ങനെ
മാരാര് വെലങ്ങനെ
വാളിമ്പേല്‍ പണം
ചെണ്ടേലും പണം
അയമ്പറ മുപ്പറ നാടൊട്ടുക്കും
ദേവീടെ പത്തായത്തിനു കാവല്‍
ഉണ്ണിപ്പിണ്ടി വിളക്ക് ഒമ്പതെണ്ണം

ചേറു പൂതം
ചേറൂന്റെ ചെക്കന്‍ കാള
ചെറുമിപ്പെണ്ണ് പൊട്ടി
ചേറൂനൂണിന് ചേറുമീന്‍
കൂത്തു തീരുവോളം
ദേവി വരമ്പത്ത്
ചേറു വരമ്പത്ത്
ദേവി കുളം ചേറു മൊയ്യ് *

പൂരത്തിന്റന്ന്
ഊരാളന്‍ നമ്പിടി
ഉണ്ണ്യമ്പൂരിക്ക് ദമ്പിടി
അപ്ഫന്‍ ആനപ്പുറത്ത്

പൂരപ്പറമ്പില്‍
ചേറു കോമരം ദേവി പൂമരം
ചേറു കാവടി ദേവി പൂവട
ചേറൂന്റെ ചെക്കന്‍ പൊട്ടന്‍ തെയ്യം

കൂത്തു കഴിയുമ്പൊ
ചേറു വിളിക്കും
വാ പാടത്ത്, കുളത്തില്, പൊന്മേടെ പൊത്തില്
ചേറൂന്റെ ചെക്കന്‍ വിളിക്കും
വാ കൂത്തച്ചി എന്നും കൊടുങ്ങല്ലൂര്‍ക്ക്
ദേവി അധോമുഖി
യന്ത്രം അരേല്, മന്ത്രം തലേല്
ഉണ്ണ്യമ്പൂരിക്ക് ഉണ്ണിക്കുമ്പ