Joseph. S
വെള്ളിയാഴ്ചയായിരുന്നു അമ്മ പൊയ്ക്കളഞ്ഞത്
ഞാനപ്പോള്‍ പട്ടണത്തിലെ മഴയില്‍
വണ്ടികാത്തു നിന്നു
എന്റെ മകന്‍ എവിടെവരെയെത്തിയെന്ന്
അമ്മ അനിയത്തിയോടു ചോദിച്ചു
ഇന്നു പത്തുമണിക്കു പോകുമെന്ന്
അമ്മ നേരത്തേ പറഞ്ഞിരുന്നു
അതവള്‍ക്കപ്പോള്‍ മനസ്സിലായില്ല
പിന്നെയും അമ്മ കടവില്‍ നിന്നു
മുമ്പ് ഞാനും അമ്മയും
അമ്മവീട്ടില്‍നിന്ന് ഒരു കെട്ട് ഒട്ടലുമായി
വന്നുനിന്ന അതേ കടവില്‍
ഒറ്റയ്ക്കു തോണിക്കാരനെ കാത്തുനിന്നു
ഞാനെത്തുന്നതിനുമുമ്പേ.