Vinod. T.P
ശ് ശ് ശ് ....
അതിനെ ശല്യപ്പെടുത്തല്ലേ
നമുക്ക് വേണ്ടപ്പെട്ടൊരു
നുണയാണെന്നറിയില്ലേ?

ഇപ്പോ ഇങ്ങോട്ട്
വന്നുകേറിയതേ ഉള്ളൂ

അലഞ്ഞ് കുഴഞ്ഞ്
കീറപ്പരുവമായി പാവം
നടുനീര്‍ത്തിയപ്പോഴേ
ഉറക്കമായിപ്പോയി.

വെളുപ്പിനെണീറ്റ്
പോകണമത്രേ

ഇരുട്ടുന്നതിനുമുമ്പ്
നേരുപറ്റണ്ടേ

പകല്‍ക്കിനാവിന്റെ വണ്ടി
കിട്ടുമോ എന്തോ

വെറുതെയെന്തിനാ അതിനെ...